മേരിയുടെ പി.ജി. മാഞ്ചസ്റ്ററിൽ; അധ്വാനം മീൻകെട്ടിൽ

കൊച്ചി : ഇംഗ്ളണ്ടിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽനിന്നുള്ള ബിരുദാനന്തര ബിരുദമൊക്കെ ഉണ്ടെങ്കിലും മേരി ജോസ് എന്ന 25-കാരിക്ക് മനസ്സിന് തൃപ്തി കണ്ണമാലിയിലെ മീൻകെട്ടിൽ വള്ളത്തിൽ കറങ്ങി മീനുകൾക്ക് ഭക്ഷണം കൊടുക്കുമ്പോഴാണ്. യൂറോപ്പിലെ വൻകിട കമ്പനികളെ ഉപേക്ഷിച്ചാണ് മേരി വെള്ളപ്പാടത്ത് മീൻകൃഷിയിറക്കുന്നത്. ബിസിനസ് അനലിറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയ മേരിക്ക് അതിന് വ്യക്തമായ കാരണവുമുണ്ട്: “വിദേശത്ത് പഠിച്ചെന്നുകരുതി അവിടെയോ നാട്ടിലെ കോർപ്പറേറ്റ് സ്ഥാപനങ്ങളിലോ ജോലിചെയ്യണമെന്നില്ല. നാടിന്റെ മണ്ണും മണവും അറിഞ്ഞുള്ള ജോലി പുതുതലമുറയ്ക്കും ചെയ്യാവുന്നതാണ്. ഈ മീൻകെട്ടിൽ അധ്വാനിച്ചാൽ നല്ലൊരു വരുമാനം എനിക്കും ഉണ്ടാക്കാൻ കഴിയും.” എറണാകുളം കടവന്ത്ര ആലങ്ങാടൻ ജോസിന്റെയും അന്നയുടെയും മകളായ മേരി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ പ്ലസ്ടു കഴിഞ്ഞ് മുംബൈയിലെ സോഫിയ കോളേജിൽനിന്നാണ് എക്കണോമിക്സിൽ ബിരുദം നേടിയത്. അതുകഴിഞ്ഞാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് ഉന്നതപഠനത്തിന് പറന്നത്. കമ്പനികളിൽനിന്ന് ജോലി വാഗ്ദാനം വരുമ്പോഴാണ്, പാട്ടത്തിനെടുത്ത പാടത്ത് മീൻവളർത്തൽ തുടങ്ങാമെന്ന് മേരി തീരുമാനിച്ചത്. ആദ്യം വീട്ടുകാർ അമ്പരന്നെങ്കിലും പിന്നെ സമ്മതംമൂളി. കണ്ണമാലിയിൽ ഒന്നരയേക്കർ സ്ഥലമാണ് മേരി മൂന്നുവർഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുന്നത്. 6000 തിലാപ്പിയ മീൻകുഞ്ഞുങ്ങളും 150-ലേറെ ഞണ്ടുകളെയുമാണ് നിക്ഷേപിച്ചിരിക്കുന്നത്. ഞണ്ടുകളെ പ്രത്യേകം പെട്ടിയിലാക്കി വളർത്തുന്നു. ഇത്തിരി സ്ഥലത്തുമാത്രം കഴിയുന്നതുകൊണ്ട് ഓരോ ഞണ്ടും പരമാവധി വളർച്ചയിലേക്കെത്തും. മേരിയുടെ മീൻവളർത്തൽ താത്പര്യവും ശാസ്ത്രീയരീതികളുംകണ്ട് സി.എം.എഫ്.ആർ.ഐ. ശാസ്ത്രജ്ഞയായ ഡോ. ജോസ്ലിൻ ജോസിന്റെ സേവനം വിട്ടുകൊടുത്തിട്ടുണ്ട്. നാട്ടുകാരനായ ആന്റണിയും സഹായത്തിനുണ്ട്. രാവിലെ ഏഴുമണിയോടെ കെട്ടിലെത്തുന്ന മേരി ഉച്ചവരെ അവിടെയുണ്ടാവും. ഉച്ചകഴിഞ്ഞ് പുണെയിലെ ഒരു കമ്പനിക്കായി വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലിയും ചെയ്യുന്നു.

Comments

Popular posts from this blog

Why the rich people always becomes rich and the poor people always becomes poor

How to realize true love

Begin your day with a smiling face